
റിപ്പബ്ലിക് ദിനത്തിന് മുന്നേ രാജ്യതലസ്ഥാനത്ത് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ പെൺകുട്ടികൾ ബാൻഡ് അവതരിപ്പിക്കും. കേന്ദ്രസർക്കാർ നടത്തുന്ന ബാൻഡ് മത്സരത്തിലാണ് സംസ്ഥാനത്തുനിന്നുള്ള ഏക ബ്രാസ് ബാൻഡ് ടീമായി കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മത്സരിക്കുന്നത്. 24, 25 തീയതികളിലാണ് മത്സരം.
ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന 29 പേരടങ്ങുന്നതാണ് ടീം. പ്ലസ്ടു വിദ്യാർഥിനി ആനറ്റ് മരിയയാണ് ലീഡർ. കേരള പോലീസിൽനിന്ന് വിരമിച്ച പി.ജെ. ജോളിയാണ് ബാൻഡ് മാസ്റ്റർ. തിരുവനന്തപുരത്ത് നടത്തിയ സംസ്ഥാനമത്സരത്തിലും ബെംഗളൂരുവിൽ നടന്ന ദക്ഷിണമേഖലാ മത്സരത്തിലും ഒന്നാമതായതോടെയാണ് ദേശീയമത്സരത്തിനുള്ള അവസരം ലഭിച്ചത്.
2018-ൽ ദേശീയമത്സരത്തിൽ ഒന്നാംസ്ഥാനവും ഇവർക്കായിരുന്നു. ഒരുതവണ മത്സരിച്ചാൽപ്പിന്നെ മൂന്നുവർഷം പങ്കെടുക്കാനാവില്ല. പരിശീലനം പൂർത്തിയാക്കി 22-ന് സംഘം ഡൽഹിയിലെത്തും.